വടക്കഞ്ചേരി ബസ്സപകടം: കെഎസ്ആര്‍ടിസിക്കും പങ്കെന്ന് മോട്ടോര്‍ വാഹന വകുപ്പ്‌

പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്ക് മാത്രമല്ല, കെ.എസ്.ആര്‍.ടി.സി.ക്കും പങ്കെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ദേശീയപാതയിലെ വളവില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കിയതിനുശേഷം മുന്നോട്ടുനീങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. എന്നാല്‍, ബസ് റോഡില്‍ നിര്‍ത്തിയില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി.യുടെ വാദം.

വലത് ഭാഗത്ത് കൂടി നീങ്ങിയ കാറിനെയും ഇടതു ട്രാക്കിലൂടെ നീങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസിനെയും വളവില്‍ വെച്ച് ഒരേസമയം മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ശ്രമിച്ചു. ഈ സമയം ടൂറിസ്റ്റ് ബസ് 97.72 കി.മീ. വേഗത്തിലായിരുന്നു. ഇടിക്കു ശേഷം ടൂറിസ്റ്റ് ബസ് റോഡരികിലെ മണ്‍കൂനയില്‍ കയറി മറിയുകയായിരുന്നു. റോഡിന്റെ വശങ്ങളില്‍ തെരുവുവിളക്കുകളും ഇല്ലായിരുന്നു. അപകടസമയത്ത് റോഡിലുണ്ടായിരുന്ന കാര്‍, പിക് അപ് ഡ്രൈവര്‍മാരുടെ ഭാഗത്ത് പിഴവില്ല. കെ.എസ്.ആര്‍.ടി.സി. ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതായും ഇരു ബസുകളിലും നിയമപ്രകാരമുള്ള റിഫ്‌ലക്ടീവ് സ്റ്റിക്കറുകള്‍ ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കു പുറമേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും ഈ അപകടത്തില്‍ പിഴവ് സംഭവിച്ചതായി നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച്) പഠനറിപ്പോര്‍ട്ടും സൂചിപ്പിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍ദ്ദേശങ്ങള്‍

• ബസുകള്‍, ലോറികള്‍ തുടങ്ങിയ പൊതുവാഹനങ്ങളില്‍ ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സംവിധാനം വേണം. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നത് തടയാന്‍ അലാറം സംവിധാനം ഒരുക്കണം.

• വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളുടെ ആക്‌സിലറേറ്റര്‍ സ്വയം വേര്‍പെടുന്ന സജ്ജീകരണം വേണം.

• ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ എതിര്‍പ്പില്ലാരേഖ നിര്‍ബന്ധമാക്കണം.

• റോഡുകളില്‍ സുരക്ഷാ ഓഡിറ്റിങ് നിര്‍ബന്ധം.

• ദേശീയപാതകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണം.

• വാഹനപരിശോധന കര്‍ശനമാക്കണം.