തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അന്വേഷിക്കണമെന്ന് എം കെ രാഘവൻ. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂർ വിഷയത്തിൽ ഡിസിസി പ്രസിഡന്റിനെ തള്ളിയാണ് എം കെ രാഘവന്റെ പരാമർശം.
ഡിസിസി അധ്യക്ഷനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് താൻ ഒറ്റയ്ക്ക് സംഘടിപ്പിച്ച പരിപാടി അല്ല. ഈ വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെയ്ക്കണം. എല്ലാ വിവരങ്ങളും കമ്മീഷന് മുന്നിൽ വ്യക്തമാക്കും. ഇത് വളറെ ഗൗരവമുള്ള വിഷമായി കെപിസിസി അന്വേഷിക്കണം. പരിപാടി റദ്ദാക്കിയതിൽ ഏറെ ദുഃഖമുണ്ട്. യൂത്ത് കോൺഗ്രസ് പരിപാടി റദ്ദാക്കിയപ്പോഴാണ് ജവഹർ യൂത്ത് ഫൗണ്ടേഷനെ താൻ സമീപിച്ചത്. ഇന്ത്യയിൽ നരേന്ദ്രമോദിക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു വിഭാഗം കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കുകയാണ്. തരൂരിന്റെ സന്ദർശനം എം കെ രാഘവൻ എം പി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് പര്യടനം നടത്തുന്നതെന്ന വാർത്ത വന്നതിൽ പലർക്കും ആശങ്കയുണ്ടെന്നും അതിനാലാണ് യൂത്ത് കോൺഗ്രസ് പിൻമാറിയതെന്നുമാണ് ഡിസിസി പ്രസിഡന്റ് നൽകുന്ന വിശദീകരണം.

