തുരങ്കപാതയുമായി മുന്നോട്ടുപോവുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌

കല്‍പറ്റ: താമരശ്ശേരി ചുരത്തിന് ബദല്‍മാര്‍ഗമായി ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുമായി മുന്നോട്ടുപോവുമെന്ന് വ്യക്തമാക്കി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ വാക്കുകള്‍

‘പരിസ്ഥിതിക്ക് ഒരു കോട്ടവും പറ്റാത്ത രീതിയിലാണ് പാത നിര്‍മിക്കുന്നത്. പാരിസ്ഥിതികാനുമതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിച്ചുപോവാന്‍ കഴിയും. തുരങ്കപാത വരുന്നതോടെ വയനാട്ടിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. വിനോദസഞ്ചാരമേഖലയിലും വലിയ വികസനമുണ്ടാവും. പനമരം-ബീനാച്ചിറോഡിന്റെ പ്രവൃത്തി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കും. ഈമാസം മുപ്പതോടെ റോഡ് ഗതാഗതയോഗ്യമാക്കും. കരാറുകാരന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായാല്‍ കല്പറ്റ ബൈപ്പാസിന്റെ പ്രവൃത്തിയിലേതുപോലെതന്നെ ഇതില്‍നിന്നും ഒഴിവാക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ജില്ലയിലെ മൂന്ന് റോഡ് നവീകരണ പ്രവൃത്തികള്‍ക്കായി 78.50 ലക്ഷം രൂപയുടെകൂടി ഭരണാനുമതി നല്‍കി. ദേശീയപാതയിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 38 ലക്ഷം, മേപ്പാടി ചൂരല്‍മല റോഡ് 25 ലക്ഷം, മാനന്തവാടി കല്പറ്റ റോഡ് 15.50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.ജില്ലയിലൂടെ 67.4 കിലോമീറ്റര്‍ നീളത്തില്‍ കടന്നുപോകുന്ന മലയോരഹൈവേ കാര്‍ഷിക, ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും. നാല് റീച്ചുകളായി നടക്കുന്ന നിര്‍മാണപ്രവൃത്തി സമയക്രമം നിശ്ചയിച്ച് പൂര്‍ത്തീകരിക്കും. വാളാട്-കുങ്കിച്ചിറ റോഡ് 30 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ബോയ്സ് ടൗണ്‍ മാനന്തവാടി പച്ചിലക്കാട് ഭാഗങ്ങളില്‍ കള്‍വെര്‍ട്ടറുകളുടെയും ഓവുചാലുകളുടെയും പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. നാലാംമൈല്‍ മാനന്തവാടി റോഡ് പൂര്‍ണമായും പൊളിച്ച് പുനര്‍നിര്‍മിക്കും. ഇത് വേഗം പൂര്‍ത്തിയാക്കും. മാനന്തവാടി കൊയിലേരി കൈതക്കല്‍ റോഡ് നവീകരണം 88 ശതമാനം പൂര്‍ത്തിയായി. സ്വകാര്യവ്യക്തിയുടെ എതിര്‍പ്പുമൂലം 30 മീറ്റര്‍ നീളത്തില്‍ നവീകരണം അവശേഷിക്കുന്നുണ്ട്. ഈ ഭാഗത്തെ ടാറിങ് ഡിസംബറില്‍ പൂര്‍ത്തീകരിക്കും. കരാര്‍ ഏറ്റെടുത്തശേഷം പ്രവൃത്തിനിര്‍മാണത്തില്‍ തുടര്‍ച്ചയായി അനാസ്ഥകാണിക്കുന്ന കരാറുകാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. ഇത്തരക്കാര്‍ക്ക് സ്ഥിരംവിലക്ക് ഏര്‍പ്പെടുത്തും. ഇതിനായി പൊതുമരാമത്ത് മാന്വല്‍ ഭേദഗതിചെയ്യുന്ന കാര്യവും പരിഗണിക്കും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ നവീകരിക്കുന്നതിനുള്ള പ്രത്യേക പാക്കേജും പദ്ധതികളും ആസൂത്രണംചെയ്യുന്നുണ്ട്. വിനോദസഞ്ചാരമേഖലയില്‍ വന്‍കുതിപ്പാണ് ജില്ലയിലുണ്ടായത്. അവസാന ഒന്‍പതുമാസം കൊണ്ട് പത്തുലക്ഷംസഞ്ചാരികളാണ് വയനാട്ടിലെത്തിയത്.’