ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്ലിയാര് കാന്തപുരം (72) അന്തരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഥമ ശിഷ്യനാണ്.
1950 ല്‍ പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിഷയുടെയും മകനായി കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കല്‍, മാങ്ങാട് തുടങ്ങിയ ദര്‍സുകളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കീഴിലെ ദീര്‍ഘ കാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം നേടി.1975 ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ തന്നെ കീഴില്‍ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്.
മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി (ഡയറക്റാര്‍, അല്‍ ഖമര്‍), അന്‍സാര്‍, മുനീര്‍, ആരിഫ, തശ്രീഫ. മരുമക്കള്‍: ഇ.കെ ഖാസിം അഹ്സനി, അബ്ദുല്‍ ജബ്ബാര്‍, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

