തിരുവനന്തപുരം: ശശി തരൂരിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളിൽ നിന്ന് കോൺഗ്രസും കോൺഗ്രസിന്റെ പോഷകസംഘടനകളും പിന്മാറി. ഇതോടെ എഐസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂർ എംപിക്ക് പാർട്ടിതലത്തിൽ അപ്രഖ്യാപിത വിലക്കുണ്ടെന്ന സൂചനകൾ ശക്തമായിരിക്കുകയാണ്. കോഴിക്കോട്ട് വച്ച് ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത്.
സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു യൂത്ത് കോൺഗ്രസ് സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടതില്ലെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് വിവരം.
കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും. അതേസമയം, മലപ്പുറം ഡിസിസിയിലും സ്വീകരണം ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ ഡിസിസി സന്ദർശനം മാത്രമാക്കി.

