‘ഇതെനിക്ക് പുതിയ അനുഭവമല്ല’; ട്രെയിലര്‍ ലോഞ്ചിനെത്തിയ ഷക്കീലയെ തടഞ്ഞ് മാള്‍ അധികൃതര്‍; പ്രതികരണവുമായി താരം

ഒമര്‍ ലുലുവിന്റെ’നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ തഴഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ഇന്നലെ വൈകിട്ട് 7-ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍, ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് ഷക്കീലയാണെന്ന് അറിഞ്ഞതോടെ മാള്‍ അധികൃതര്‍ വിലക്കുകയായിരുന്നു. ഷക്കീലയെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടിയെ വിലക്കിയത്.

എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ ഹൈലറ്റ് മാളിനെതിരെ സിനിമാ പ്രേമികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലുവും നടി ഷക്കീലയും. ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് ട്രെയിലര്‍ ലോഞ്ച് പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ ചേച്ചിയാണ് ഗസ്റ്റ് എന്നറിഞ്ഞതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. പിന്നാലെ സുരക്ഷാ പ്രശ്നങ്ങളും മറ്റ് പലതും ചൂണ്ടിക്കാണിച്ച് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു. ചേച്ചിയാണെങ്കില്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് വരികയും ചെയ്തു. ഞങ്ങള്‍ക്ക് ആകെ സങ്കടമായി. ചേച്ചിയോട് സോറി പറയുന്നു. ചേച്ചിയെ ഒഴിവാക്കിയത് കൊണ്ട് ട്രെയിലര്‍ ലോഞ്ച് മാളില്‍ വച്ച് നടത്തേണ്ട എന്ന് തങ്ങളും തീരുമാനിച്ചു’ എന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

‘ക്ഷമ ഒന്നും ചോദിക്കേണ്ട. ഇത് തനിക്ക് പുതിയ അനുഭവമല്ല. കാലങ്ങളായി എന്നെ അവഗണിക്കുന്നതാണ്. സംഭവം അറിഞ്ഞതോടെ കോഴിക്കോട് നിന്ന് പലരും മെസേജ് അയച്ചു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എനിക്ക് മോശമായ അനുഭവമാണ് ഉണ്ടായത്. ഹൃദയം തകര്‍ന്നു. നിങ്ങളെല്ലാവരും കൂടിയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. എന്നാല്‍ നിങ്ങള്‍ തന്നെ ഒരു അംഗീകാരവും എനിക്ക് നല്‍കുന്നില്ല. എന്താണ് കാരണമെന്ന് എനിക്ക് അറിയില്ല’ എന്നാണ് ഷക്കീല പ്രതികരിച്ചത്.