തിരുവനന്തപുരം: കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാര്‍ക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി മന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കി വരുന്ന നവീന ആശയങ്ങളും പദ്ധതികളും മന്ത്രിയും ഉദ്യോഗസ്ഥരും മഹാരാഷ്ട്ര സംഘത്തിന് മുന്നില്‍ വിശദീകരിച്ചു. ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
അതേസമയം, മികച്ച മാതൃകകളാണ് പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടപ്പാക്കുന്നതെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് കേസര്‍ക്കാര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലും നടപ്പാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നടപ്പാക്കുന്ന മേഖലകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി.
‘ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് നടത്തി വരുന്ന പ്രവേശനോത്സവം ഇനിമുതല്‍ മഹാരാഷ്ട്രയിലും അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. അതില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തും. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയില്‍ ഒന്നടങ്കം അവതരിപ്പിക്കും. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചു വരുന്ന കായിക മത്സരങ്ങള്‍, കലോത്സവങ്ങള്‍ , ശാസ്ത്ര സാങ്കേതിക മത്സരങ്ങള്‍ അടക്കമുള്ളവ മഹാരാഷ്ട്ര വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുന്നതിന് ശ്രമിക്കും’- മന്ത്രി യോഗത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് സമൂഹ്യപരമായ ഇടപെടലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയ കേരള മാതൃകയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

