തിരുവനന്തപുരം: നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ അനുമതി നൽകി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചു.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. തുടർന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവർണർ ഇതിൽ ഒപ്പിട്ടില്ല.
നിയമസഭ ബിൽ പാസാക്കിയാലും അത് നിയമമാകാൻ ഗവർണർ ഒപ്പിടണം. ഗവർണർ ബില്ലിൽ ഒപ്പിടുന്നത് വൈകിയാൽ നിയമനടപടികളുമായി സർക്കാൻ മുന്നോട്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീർ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇനി ചേരുന്നത്.

