നിബന്ധന വെക്കേണ്ട കാര്യമില്ല; മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണം അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിക്കാനുള്ള സമയ നിയന്ത്രണത്തില്‍ മെഡിക്കല്‍ കോളജ് പ്രതിനിധികളെ വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷന്‍ അറിയിച്ചു. സമയ നിബന്ധന വയ്‌ക്കേണ്ട കാര്യമില്ലെന്നും സുരക്ഷിതമായി ജോലി ചെയ്യാന്‍ അവസരം ഒരുക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കി.

അതേസമയം, മറ്റു കോളേജുകളില്‍ ഇത്തരം നിയന്ത്രണം ഉണ്ടോ എന്ന് പരിശോധിക്കുകയും വിവേചനം ഇല്ലാതെ പഠിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

രാത്രി 10 മണിക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവര്‍ക്ക് സമയക്രമം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. ഒരുമണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ വൈസ് പ്രിന്‍സിപ്പാള്‍ കുട്ടികളെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.