‘അഭിമാന നിമിഷം’; ജി-20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണ്. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും. ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കി മാറ്റും. ഇന്ത്യയുടെ അധ്യക്ഷപദവി എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും പ്രവൃത്തിയില്‍ അധിഷ്ടിതമായതും നിശ്ചയദാര്‍ഢ്യത്തോടെയുള്ളതുമായിരിക്കും. കൂട്ടായ മാറ്റത്തിന് ഊര്‍ജ്ജം പ്രകരാന്‍ മൂലശക്തിയായി ജി-20യെ മാറ്റുക എന്നതായിരിക്കും അടുത്ത ഒരു വര്‍ഷം കൂട്ടായ്മയുടെ ലക്ഷ്യം. ഡിജിറ്റല്‍ സാങ്കേതിക പരിണാമമാണ് ഈ യുഗത്തിന്റെ പ്രധാനമാറ്റം. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശക്തിവര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍ ടെക്‌നോളജികളെ ഉപയോഗിക്കാം. സാങ്കേതിക മാറ്റം ഒരു ചെറിയകൂട്ടം ആളുകളിലേക്ക് ഒതുക്കിനിര്‍ത്താന്‍ പാടില്ല. എല്ലാവര്‍ക്കും പ്രാപ്യമാകുമ്പോള്‍ മാത്രമാണ് മാറ്റങ്ങളുടെ യഥാര്‍ഥ ലക്ഷ്യങ്ങളിലേക്ക് എത്തുക’- പ്രധാനമന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു.

അതേസമയം, ഡിസംബര്‍ ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് ജി-20 അധ്യക്ഷപദവി. ഇതിന് മുന്നോടിയായി നേരത്തെ ലോഗോയും പ്രമേയവും വെബ്‌സൈറ്റും പുറത്തിറക്കിയിരുന്നു.