ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ഉപരോധത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 25,000 പേരാണ് ഉപരോധത്തിൽ പങ്കെടുത്തതെന്നും കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ടെന്നും അവർ തനിക്കൊപ്പമാണെന്നും ഗവർണർ വ്യക്തമാക്കി.
പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് തെളിഞ്ഞാൽ താൻ രാജിവയ്ക്കുമെന്നും ഗവർണർ അറിയിച്ചു. ഭരണഘടനാ തകർച്ചയുണ്ടായാൽ സംസ്ഥാന ഭരണത്തിൽ ഇടപെടും. എന്നാൽ ഭാഗ്യത്തിന് അത്തരമൊരു സാഹചര്യം സംസ്ഥാനത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയോ മന്ത്രിമാരോ എൽഡിഎഫ് കൺവീനറോ പരിപാടിയിൽ പങ്കെടുത്തില്ല. രാജ്ഭവന് പുറമേ സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

