ബാലി: രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ നാശം ഓര്‍മ്മിപ്പിച്ചും റഷ്യ യുക്രൈന് യുദ്ധം ചര്‍ച്ചയിലൂടെ അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും ആവര്‍ത്തിച്ച് ജി20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെ യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തില്‍ റഷ്യ – യുക്രൈന് പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ കണ്ട അക്കാലത്തെ നേതാക്കള്‍ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോള്‍ നമ്മുടെ ഊഴമാണ്. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ അടുത്ത ഉച്ചകോടി നടക്കുമ്പോള്‍ സമാധാനത്തിന്റെ ശക്തമായ സന്ദേശം നല്കാനാവണം. ആഗോള വെല്ലുവിളി നേരിടാന്‍ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു.
ജോ ബൈഡന് ഉള്‍പ്പടെ വിവിധ രാജ്യതലവന്മാരുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ ഹ്രസ്വ ചര്‍ച്ച നടത്തി. 2020 ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഷീ ജിന്‍പിങുമായി മോദി സംസാരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന് റിഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജന്‍ഡയിലുണ്ട്. ഡിസംബര്‍ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.

