അര്‍ജുന തിളക്കത്തില്‍ പ്രണോയിയും എല്‍ദോസ് പോളും; ശരത് കമലിന് ഖേല്‍ രത്‌ന

മലയാളി കായിക താരങ്ങളായ. ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയിക്കും അത്‌ലറ്റ് എല്‍ദോസ് പോളിനും അര്‍ജുന പുരസ്‌കാരം. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ് പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന. നവംബര്‍ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

കോണ്‍മണ്‍വെല്‍ത്ത് ഗെയിംസിലെ ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ ചരിത്ര സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം ഇതോടെ എല്‍ദോസ് സ്വന്തമാക്കി. 17.03 മീറ്റര്‍ ദൂരത്തോടെയാണ് എല്‍ദോസ് പോള്‍ ഒന്നാമതെത്തിയത്. ഇതിന് പുറമെ ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജംപ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് നേടിയിരുന്നു. ഇതേസമയം ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച് എസ് പ്രണോയ് ആയിരുന്നു വിജയശില്‍പി. ഫൈനലില്‍ 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു.

സീമാ പൂനിയ(അത്‌ലറ്റിക്‌സ്), അവിനാശ് മുകുന്ദ് സാബ്‌ലെ(അത്‌ലറ്റിക്‌സ്), ലക്ഷ്യ സെന്‍(ബാഡ്മിന്റണ്‍) അമിത്(ബോക്‌സിംഗ്), നഖാത് സരീന്‍(ബോക്‌സിംഗ്), പ്രദീക് കുല്‍ക്കര്‍ണി(ചെസ്), ആര്‍ പ്രഗ്‌നാനന്ദ(ചെസ്), ദീപ് ഗ്രേസ് എക്ക(ഹോക്കി), സുശീല ദേവി(ജൂഡോ), സാക്ഷി കുമാരി(കബഡി), നയന്‍ മോനി സൈക്ക(ലോണ്‍ ബൗള്‍), സാഗര്‍ കൈലാസ് ഒവല്‍ക്കര്‍(മല്ലകോമ്ബ്), ഇലവെനില്‍ വാലറിവന്‍(ഷൂട്ടിംഗ്), ഓംപ്രകാശ് മിതര്‍വല്‍(ഷൂട്ടിംഗ്), ഷീ അകൂല(ടേബിള്‍ ടെന്നീസ്), വികാസ് ഠാക്കൂര്‍(ഭരദോഹ്വനം), അന്‍ഷു(ഗുസ്തി), സരിത(ഗുസ്തി), പ്രവീണ്‍(വുഷു), മാനസി ജോഷി(പാരാ ബാഡ്മിന്റണ്‍), തരുണ്‍ ദിലോണ്‍(പാരാ ബാഡ്മിന്റണ്‍), സ്വപ്നില്‍ സഞ്ജയ് പാട്ടീല്‍(പാരാ സ്വിമ്മിങ്), ജെര്‍ലിന്‍ അനിക ജെ(ഡെഫ് ബാഡ്മിന്റണ്‍) എന്നിവരാണ് അര്‍ജുന നേടിയ മറ്റ് താരങ്ങള്‍.