ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയേക്കാൻ സാധ്യത. ഇന്തോനേഷ്യയിലെ ബാലിയിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെയാകും കൂടിക്കാഴ്ച നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോണുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
നവംബർ 14 നാണ് പ്രധാനമന്ത്രി ബാലിയിലേക്ക് പോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ഋഷി സുനകുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യും. സുരിനാം പ്രസിഡന്റുമായും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായും അദ്ദേഹം സംസാരിക്കും.
നവംബർ 15 നും 16 നുമാണ് ജി 20 ഉച്ചകോടിയുടെ 17-ാമത് എഡീഷൻ നടക്കുന്നത്. ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജി 20 ലോഗോ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂമിയെ അടയാളപ്പെടുത്തിക്കൊണ്ടാണ് വെല്ലുവിളികൾക്കിടയിലും വളർച്ചയെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയെ ലോഗോയിൽ ഉൾപ്പെടുത്തിയത്.

