കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റില്‍ പതാക കെട്ടരുതെന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. മത്സരവുമായി ബന്ധപ്പെട്ട് ആരാധകര്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ പോസ്റ്റുകളില്‍ അവരുടെ ഇഷ്ട ടീമിന്റെ പതാകകള്‍ കെട്ടിയതിന് പിന്നാലെയാണ് കെഎസ്ഇബി രംഗത്ത് വന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ലോകം ഫുട്ബോള്‍ ലഹരിയിലാണ്. ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞു. കേരളത്തിലും ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തിമിര്‍പ്പില്‍.
ഇഷ്ട താരങ്ങളുടെ വമ്ബന്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചും ഇഷ്ടടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകള്‍ കൊടി തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകര്‍.
ഫുട്ബോള്‍ ആഘോഷം മുറുകിയപ്പോള്‍ ചിലര്‍ കൊടി കെട്ടിയത് വൈദ്യുതി ലൈനില്‍.
വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താം. അലങ്കാരങ്ങളില്‍ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാം.

