കേരളം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ് പി ജെ കുര്യൻ; പ്രശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പി ജെ കുര്യനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ് പി ജെ കുര്യനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവർത്തകരുടെ സ്വീകാര്യതയ്ക്ക് വലിയ ഇടിവ് തട്ടുന്ന ആധുനിക കാലത്ത് പി ജെ കുര്യന് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹം സ്വീകരിക്കുന്ന തത്വാധിഷ്ടിത നിലപാടുകൾ കൊണ്ടാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രൊഫ പി ജെ കുര്യൻ: അനുഭവവും അനുമോദനവുമെന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മതനിരപേക്ഷത വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് അദ്ദേഹം. സമാനതകളില്ലാത്ത പാർലമെന്ററി പ്രവർത്തനമാണ് അദ്ദേഹത്തിന്റേത്. സത്യം നിർഭയമായി വിളിച്ചു പറയാനുള്ള ആർജ്ജവും അദ്ദേഹത്തിനുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് നിഷേധിച്ചത് പാർട്ടിക്കകത്തെ ഗൂഢാലോചനയുടെ ഭാഗമെന്ന് അദ്ദേഹം പറയാൻ മടിച്ചില്ല. രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്ന് പറയാൻ തയ്യാറാകുന്ന നേതാവാണ് കുര്യൻ. രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാവാനുള്ള അവസരം പോലും അദ്ദേഹം നിരാകരിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടക്കാട്ടി.