ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് കൈമാറും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ചീഫ് സെക്രട്ടറി ഇന്ന് രാജ്ഭവന് കൈമാറും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും.

അതേസമയം, ഗവര്‍ണറുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരികയുള്ളൂ. തന്റെ പദവി വെട്ടുന്ന ഓര്‍ഡിനന്‍സ് പരിഗണിക്കില്ലെന്നും രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി അയയ്ക്കുമെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍, രാഷ്ട്രപതിയ്ക്ക് വിടാന്‍ തക്ക കാരണം ഓര്‍ഡിനന്‍സില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രാഷ്ട്രപതിക്ക് അയച്ചാലും നിയമസഭയില്‍ ബില്‍ കൊണ്ടുവരാമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.