ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധം; ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി

കൊച്ചി: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടു. ഷിജുഖാനെയായിരുന്നു ശിശുക്ഷേമസമിതി സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുത്തത്.

ശിശുക്ഷേമസമിതി അംഗം കൂടിയായ ആർ എസ് ശശികുമാറാണ് ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് വി ജി അരുണാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവം നടത്തിയത്. തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ 2020 ലായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യമായാണ് ഭാരവാഹികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിന് 21 ദിവസം മുൻപ് വിജ്ഞാപനം അംഗങ്ങളെ റജിസ്റ്റേഡ് തപാലിൽ അറിയിക്കണമെന്നാണു ചട്ടം. എന്നാൽ പത്രിക സമർപ്പിക്കാനുള്ള ദിവസം കഴിഞ്ഞാണ് അംഗങ്ങൾക്കു നോട്ടീസ് അയച്ചതെന്ന് പരാതിക്കാർ കോടതിയിൽ വിശദമാക്കി.

സിപിഎം പ്രതിനിധികൾക്കു മാത്രം പത്രിക നൽകാനുള്ള അവസരമൊരുക്കാനാണ് ചട്ടലംഘനം നടത്തിയതെന്നും തിരഞ്ഞെടുപ്പു നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമിതിയുടെ രക്ഷാധികാരിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും ശിശുക്ഷേമ സംരക്ഷണ സമിതി നിവേദനം നൽകിയിരുന്നു.