മുംബൈ: എതിര്ശബ്ദങ്ങളെ നിശബ്ദമാക്കാന് ശ്രമിക്കുകയാണ് കേന്ദ്ര സര്ക്കാരെന്ന വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. പാര്ലമെന്റില് പ്രതിപക്ഷ നേതാക്കള്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണുക എന്ന് പറഞ്ഞുകൊണ്ട് മഹാരാഷ്ട്രയിലെ നന്ദേഡില് നടന്ന യോഗത്തിനിടെ അദ്ദേഹം മൈക്ക് ഓഫ് ചെയ്യുകയും ശേഷം മൈക്കിന്റെ സഹായമില്ലാതെ പ്രസംഗം തുടരുകയും ചെയ്തു.
അതേസമയം, അല്പ നേരത്തിന് ശേഷം മൈക്ക് ഓണ് ചെയ്ത് ഇതാണ് പാര്ലമെന്റില് സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇവിടെ എനിക്കാണ് മൈക്കിന്റെ നിയന്ത്രണം. പാര്ലമെന്റില് രണ്ട് മിനിട്ടിനുള്ളില് മൈക്ക് സ്വിച്ച് ഓഫ് ചെയ്യും. നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിച്ചാല് സ്വിച്ച് ഓഫ്, ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്, സ്വിച്ച് ഓഫ്. നമുക്ക് പറയാം പക്ഷേ മറ്റുള്ളവര്ക്ക് കേള്ക്കാന് സാധിക്കില്ല. ഞങ്ങളുടെ ശബ്ദത്തെ ഉയര്ത്തിക്കാട്ടാന് മാദ്ധ്യമങ്ങള്ക്ക് സാധിക്കില്ല എന്നതിനാലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്’- രാഹുല് ഗാന്ധി കൂട്ടിച്ചേര്ത്തു.

