വിവിധ പദ്ധതികളുടെ സമർപ്പണം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. നവംബർ 11, 12 തീയതികളിലാണ് സന്ദർശനം. 25,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. നവംബർ 11ന് ബംഗളൂരുവിലെ വിധാന സൗധയിൽ ഋഷികവി ശ്രീ കനകദാസന്റെയും മഹർഷി വാല്മീകിയുടെയും പ്രതിമകളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. പിന്നീട് അദ്ദേഹം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 12 മണിയോടെ നാദപ്രഭു കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. നവംബർ 11 ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കുചേരും. 2018-19, 2019-20 ബാച്ചുകളിലെ 2300-ലധികം വിദ്യാർത്ഥികൾ ബിരുദദാന ചടങ്ങിൽ ബിരുദം സ്വീകരിക്കും.

നവംബർ 12-ന് രാവിലെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എത്തുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് തെലങ്കാനയിലെ രാമഗുണ്ടത്തുള്ള ആർഎഫ്സിഎൽ (രാമഗുണ്ടം ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽ ലിമിറ്റഡ്) പ്ലാന്റ് സന്ദർശിക്കും. രാമഗുണ്ടത്ത് വിവിധ പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കും.

റായ്പൂർ-വിശാഖപട്ടണം സാമ്പത്തിക ഇടനാഴിയുടെ ആന്ധ്രാപ്രദേശ് ഭാഗത്തിന്റെ ആറ് വരി ഗ്രീൻഫീൽഡിന് അദ്ദേഹം തറക്കല്ലിടും. 3750 കോടിയിലധികം രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്.