ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾ തകർക്കുന്ന കൊളോണിയൽ കാലത്തെ പോലീസ് നിയമങ്ങളുടെ പിൻഗാമിയാണ് കേരള പോലീസ് നിയമം; സുപ്രീം കോടതി

ന്യൂഡൽഹി: കേരളാ പോലീസ് നിയമവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾ തകർക്കുന്ന കൊളോണിയൽ കാലത്തെ പോലീസ് നിയമങ്ങളുടെ പിൻഗാമിയാണ് കേരള പോലീസ് നിയമമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരള പോലീസ് നിയമം, മദ്രാസ് പോലീസ് നിയമം തുടങ്ങിയ സംസ്ഥാന പോലീസ് നിയമങ്ങൾ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരേ ചുമത്തുന്നതല്ലെന്നും കോടതി അറിയിച്ചു.

ധർണ നടത്തിയതിന് കേരള പോലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷ നാമനിർദേശ പത്രികയിൽ വെളിപ്പടുത്താത്തത് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ മതിയായ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നമട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്. നാമനിർദേശ പത്രികയുടെ ഫോം 2 എ- യിൽ ക്രിമിനൽ കേസിൽ ശിക്ഷിച്ചത് രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി രവി നമ്പൂതിരിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും ശരിവെയ്ക്കുകയായിരുന്നു.

രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത് 2006 ൽ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി ധർണ നടത്തിയെന്ന കേസിലാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143, 283, 44 എന്നീ വകുപ്പുകൾ പ്രകാരവും കേരള പോലീസ് നിയമത്തിലെ 38, 52 വകുപ്പുകൾ പ്രകാരവുമാണ് തടവ് ശിക്ഷയും പിഴയും വിചാരണ കോടതി വിധിച്ചത്. എന്നാൽ, ജില്ലാ കോടതി പിന്നീട് ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ റദ്ദാക്കിയിരുന്നു.