നേപ്പാളിൽ ശക്തമായ ഭൂചലനം; ആറ് പേർ മരണപ്പെട്ടു, ഡൽഹിയിലും പ്രകമ്പനം

ന്യൂഡൽഹി: നേപ്പാളിൽ ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. ബുധനാഴ്ച്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരണപ്പെട്ടുവെന്നാണ് വിവരം. ദോതി ജില്ലയിൽ വീട് തകർന്നു വീണാണ് ആറ് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. അഞ്ച് മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് നേപ്പാളിൽ ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയും നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത്. അതേസമയം, ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പത്ത് സെക്കൻഡ് നീണ്ടു നിന്ന ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ഗുരുഗ്രാമിലും നോയിഡയിലും താമസിക്കുന്നവർ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.