സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്റ്റേ ഇല്ല; കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും

കൊച്ചി: സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ല. ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. വൈസ് ചാൻസലറുടെ പേര് ശുപാർശ ചെയ്യാനുളള അവകാശം സർക്കാരിനാണെന്ന് എജി അറിയിച്ചു.

എന്നാൽ, താത്ക്കാലിക നിയമനങ്ങൾ പോലും യുജിസി മാനദണ്ഡങ്ങൾ പാലിച്ചേ നിയമിക്കാനാകൂ എന്ന് ഗവർണറുടെ അഭിഭാഷകൻ വാദിച്ചു.സമാനമായ മറ്റൊരു കേസുകൂടി ഉണ്ടെന്നും അതിനൊപ്പം ഈ ഹർജി നാളെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുജിസിയെക്കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസ് വെളളിയാഴ്ച പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. കെടിയു വിസിയായി ഡോ സിസ തോമസിനെയാണ് ഗവർണർ നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. എന്നാൽ ഈ ശുപാർശ തള്ളിയാണ് ഗവർണർ വിസിയായി സിസ തോമസിന് നിയമനം നൽകിയത്.