മുംബൈ: ഓം റാവത്തിന്റെ സംവിധാനം ചെയ്ത് പ്രഭാസും സെയ്ഫ് അലിഖാനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആദിപുരുഷിന്റെ റീലീസ് തിയതി നീട്ടി. സമ്ബൂര്ണ്ണ ദൃശ്യാനുഭവം നല്കുന്നതിനായാണ് സിനിമയുടെ റിലീസ് മാറ്റിവെക്കുന്നതെന്ന് സംവിധായകന് ഓം റാവത്ത് അറിയിച്ചു.
‘ആദിപുരുഷ് ഒരു സിനിമയല്ല. മറിച്ച് പ്രഭു ശ്രീരാമനോടുള്ള നമ്മുടെ ഭക്തിയും സംസ്കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയുമാണ്. പ്രേക്ഷകര്ക്ക് ഒരു സമ്ബൂര്ണ്ണ ദൃശ്യാനുഭവം നല്കുന്നതിനായി സിനിമയില് പ്രവര്ത്തിക്കുന്ന ടീമുകള്ക്ക് കൂടുതല് സമയം നല്കേണ്ടതുണ്ട്. ആദിപുരുഷ് 2023 ജൂണ് 16-ന് റിലീസ് ചെയ്യും. നിങ്ങളുടെ പിന്തുണയിലും സ്നേഹത്തിലും അനുഗ്രഹത്തിലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ നിര്മ്മിക്കാന് ഞങ്ങള് പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും അനുഗ്രഹവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്’- എന്ന് ഓം റാവത്ത് പ്രസ്താവനയില് വ്യക്തമാക്കി.
രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന സിനിമ 2023 ജനുവരി 12 ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ടീസര് നേരത്തെ റിലീസ് ചെയ്തിരുന്നു. പിന്നാലെ ചിത്രത്തിന്റെ വിഎഫ്എക്സിനെ വിമര്ശിച്ച് ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രഭാസ് ശ്രീരാമനായും രാവണനായി സെയ്ഫ് അലി ഖാനും, സീതയായി കൃതി സനോനുമാണ് എത്തുന്നത്.

