ചൈനയും പാകിസ്താനും ചേർന്ന് അതിമാരകമായ ജൈവായുധ നിർമ്മാണത്തിൽ; റിപ്പോർട്ട് പുറത്ത്

ഇസ്ലാമാബാദ്: ചൈനയും പാകിസ്താനും ചേർന്ന് അതിമാരകമായ ജൈവായുധ നിർമ്മാണത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത്. പാകിസ്താനിലെ റാവൽപിണ്ടിയിലെ രഹസ്യകേന്ദ്രത്തിൽ അതിമാരക ജൈവായുധത്തിന്റെ പണിപ്പുരയിലാണ് ഇരു രാജ്യങ്ങളുമെന്നാണ് വിവരം.

ജിയോ പോളിറ്റിക്‌സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വുഹാൻ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിതിയാണ് സാർസ് കോവിഡ് വൈറസ് എന്ന ആരോപണം നിലനിൽക്കെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. പാകിസ്താൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആൻഡ് ടേക്‌നോളജി ഓർഗനൈസേഷനും ചൈനയിലെ വുഹാനിലെ വിവാദമായ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പുതിയ ജൈവായുധം നിർമ്മിക്കുന്നത്. കോവിഡിനെക്കാൾ നാശം വിതയ്ക്കാൻ കഴിയുന്ന രോഗാണു നിർമ്മിക്കാനാണ് ചൈനയും പാകിസ്താനും പദ്ധതിയിടുന്നത്.

അതേസമയം, റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ രംഗത്തെത്തി. ബയോ സേഫ്റ്റി ലെവൽ 3 യാണ് റാവൽപിണ്ടിയിലെ ഇൻസ്റ്റിറ്റ്യൂട്ടിനുള്ളത്. ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റേറ്റ്‌സ് പാർട്ടീസ് ടു ദ ബയോളജിക്കൽ ആന്റ് ടോക്‌സിൻസ് വെപ്പൺസ് കൺവെൻഷനിൽ പാകിസ്താൻ പങ്കുവയ്ക്കാറുണ്ടെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ജീവൻ തന്നെ ഭീഷണിയിലാക്കുന്ന അതിമാരകമായ രോഗാണുക്കളുടെ പഠനമാണ് ബയോ സേഫ്റ്റി ലെവൽ 4 ലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടക്കുന്നത്. ശാസ്ത്രജ്ഞരും ഇന്റലിജൻസ് വിഭാഗവും പാകിസ്ഥാൻ പോലൊരു രാജ്യം ഇത്തരം അതിമാരക രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിൽ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു. ജൈവായുധ വിദഗ്ദർ പാകിസ്താൻ സൈന്യത്തിന്റെ കീഴിലുള്ള ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടികളിൽ പരിക്ഷണങ്ങൾ നടക്കുന്നില്ലെന്നും പകരം ജൈവായുധ നിർമ്മാണമാണ് നടക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.