സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നത്; വിധിയെ ന്യായീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പത്തു ശതമാനം സംവരണം ശരിവെച്ചുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതെന്നും വിധിയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം വേണം. പക്ഷെ സംവരണത്തിൽ കൊണ്ട് വരുമ്പോൾ സാമൂഹ്യ നീതിയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തീരുമാനം നടപ്പിലാക്കുന്നതോടെ പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയും. ജാതീയ സംവരണത്തിൽ വെള്ളം ചേർക്കുന്ന സമീപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങൾക്ക് വിലക്ക് കൽപ്പിച്ചിട്ടുള്ള ഗവർണറുടെ നടപടിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഗവർണറുടെ മാദ്ധ്യമവിലക്ക് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിന് പരിചയമില്ലാത്ത രീതിയാണിത്. ഗവർണറുടെ നടപടി വളരെ മോശമായിപ്പോയെന്നും എന്ത് അജണ്ടയുടെ പശ്ചാത്തലത്തിലാണ് ഈ വിചിത്രമായ നടപടിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.