സുപ്രീം കോടതിയുടെ വിധി എൻഎസ്എസ് നിലപാട് ശരിവയ്ക്കുന്നത്; സാമൂഹ്യനീതിയുടെ വിജയമെന്ന് ജി സുകുമാരൻ നായർ

കോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പത്തു ശതമാനം സംവരണം ശരിവെച്ചുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുപ്രീം കോടതിയുടെ വിധി എൻഎസ്എസ് നിലപാട് ശരിവയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ജാതിയുടെ പേരിൽ സംവരണം ലഭിക്കുന്നത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരാണ്. ജാതി സംവരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പാവപ്പെട്ടവർക്ക് ഒന്നും ലഭിക്കുന്നില്ല. നായർ സമുദായത്തിന് മാത്രമല്ല. മുഴുവൻ ജനങ്ങൾക്കും സംവരണം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത്. മുന്നാക്ക സംവരണം ശരിവച്ചുള്ള സാമ്പത്തിക അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണമെന്നതാണ് എൻഎസ്എസ് നിലപാട്. സാമ്പത്തിക അടിസ്ഥാനത്തിലാകണം സംവരണം നൽകേണ്ടത്. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇത് സാമൂഹികനീതിയുടെ വിജയമാണെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടിയാണ് സുപ്രീംകോടതി ശരിവച്ചത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവം നടത്തിയത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവം നടത്തുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.