മുഖ്യമന്ത്രിയുടെ വാക്ക് പാഴായി: ഏഴാം തീയതിയായിട്ടും കെഎസ്ആർടിസിയ്ക്ക് ശമ്പളം ലഭിച്ചില്ല

തിരുവനന്തപുരം: തീയതി ഏഴായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. സിംഗിൾ ഡ്യൂട്ടി അടക്കം കെഎസ്ആർടിസിയിലെ പരിഷ്‌കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് ഇതോടെ പാഴായത്. ഓണം വരെയുള്ള കുടിശിക തീർത്തത് ഉൾപ്പെടെ രണ്ടുമാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം മാനേജ്‌മെന്റ് നൽകിയിരുന്നു. എന്നാൽ, ഇത്തവണ ഇതുവരെ ശമ്പളം നൽകാൻ കെഎസ്ആർസിയ്ക്ക് കഴിഞ്ഞിട്ടില്ല.

പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പ്രതീക്ഷിച്ച ഫലം കാണാത്ത സാഹചര്യത്തിൽ കടുത്ത അതൃപ്തിയിലാണ് മാനേജ്‌മെന്റ്. പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടി ഇതുവരെ ലാഭത്തിലായിട്ടില്ല. കൂടുതൽ ദൂരം ഓടി വരുമാനം കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ശരാശരി കിലോമീറ്റർ വരുമാനം 62 രൂപ ഉണ്ടായിരുന്നത് 51 ആയി താഴ്ന്ന അവസ്ഥയാണുള്ളത്. ഏഴുതവണ മാറ്റിയെഴുതിയിട്ടും ഡ്യൂട്ടി ഷെഡ്യൂളിലെ പ്രശ്‌നങ്ങൾക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

കെഎസ്ആർടിസിയ്ക്ക് എല്ലാ മാസവും 50 കോടി രൂപ നൽകുമെന്ന് വാഗ്ദാനം നൽകിയ ധനവകുപ്പ് ഇത്തവണ 30 കോടി രൂപ മാത്രമാണ് നൽകിയത് അതാണ് ശമ്പളം വൈകാൻ കാരണം. അതേസമയം, സർക്കാരിൽ നിന്ന് 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് മാനേജ്‌മെന്റ് കത്ത് നൽകിയിട്ടുണ്ട്. പണം കിട്ടിയില്ലെങ്കിൽ മുൻപത്തെപ്പോലെ ഭാഗികമായി ശമ്പളം വിതരണം ചെയ്യാനും അധികൃതർ പദ്ധതിയിടുന്നു.