കത്ത് വിവാദം: ‘തയ്യാറാക്കിയത് ഞാന്‍ തന്നെ’; തുറന്ന് പറഞ്ഞ് ഡി.ആര്‍ അനില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും,പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്‍ അനില്‍. എസ്.എ.ടി ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരുടെ നിയമനത്തിന് ശുപാര്‍ശ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രം തുറന്നുകൊടുക്കുന്നില്ലെന്ന് നിരന്തരം പത്രവാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമനത്തിനായി ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കാമെന്ന് തീരുമാനിച്ചതെന്ന് അനില്‍ വ്യക്തമാക്കി.

‘കുടുംബശ്രീ വഴി നിയമം നടത്താം എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ആനാവൂര്‍ നാഗപ്പന് കത്തുകൊടുക്കാമെന്ന് കരുതിയത്. എന്നാല്‍, അത് തന്റെ ധാരണപ്പിശകായിരുന്നു. പാര്‍ട്ടി സെക്രട്ടറിയോട് നിയമനം നടത്താനല്ല ആവശ്യപ്പെട്ടത്. കത്ത് ഞാന്‍ തന്നെയാണ് തയ്യാറാക്കിയത്. എന്നാല്‍, അത് കൊടുത്തിട്ടില്ല. യോഗ്യരായ ആളുകളെ പാര്‍ട്ടി സെക്രട്ടറി ചൂണ്ടിക്കാണിക്കട്ടെ എന്ന് വിചാരിച്ചാണ് കത്ത് തയ്യാറാക്കിയത്’- അനില്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മേയറെയും ഡി.ആര്‍ അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. താനറിയാതെയാണ് കത്ത് പോയതെന്നാണ് മേയര്‍ വിശദീകരിച്ചത്. ഓഫീസില്‍ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായി സ്‌പെസിമെന്‍ ഒപ്പുള്ള ലെറ്റര്‍പാഡ് സൂക്ഷിക്കാറുണ്ട്. അതുപയോഗിച്ച് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ ആരെങ്കിലും കത്ത് തയ്യാറാക്കിയതാണോയെന്ന സംശയവും പാര്‍ട്ടിക്ക് ഉണ്ട്. എന്നാല്‍, മേയര്‍ തലസ്ഥാനത്തില്ലാത്ത ദിവസമാണ് കത്ത് പോയതെന്നതും, മേയര്‍ നേരിട്ട് ഒപ്പു വച്ചിട്ടില്ലെന്നതുമാണ് സി.പി.എമ്മിന് ആകെയുള്ള ആശ്വാസം. അതേസമയം, കത്ത് വ്യാജമാണോയെന്നത് അന്വേഷിക്കട്ടെയെന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം മേയര്‍ ആര്യാ രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.