തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സമവായ ചർച്ചകളിൽ പങ്കെടുത്ത് അദാനി ഗ്രൂപ്പ്. സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചയിലാണ് അദാനി ഗ്രൂപ്പ് പങ്കെടുത്തത്. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ടും ഉപയോഗിക്കാമെന്ന നിർദ്ദേശമാണ് ചർച്ചയിൽ അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചത്. എന്നാൽ ഈ നിർദ്ദേശത്തോട് ലത്തീൻ അതിരൂപത അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കെ വി തോമസ് ഉൾപ്പെടെ സഭയുമായി അടുപ്പമുള്ള ചില പൊതുപ്രവർത്തകരുമായാണ് അദാനി ഗ്രൂപ്പ് ചർച്ച നടത്തിയത്. സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നാണ് അദാനി ഗ്രൂപ്പ് മുന്നോട്ടു വെയ്ക്കുന്ന ആവശ്യം. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും വിട്ട് വീഴ്ചയില്ലെന്നാണ് രൂപത അറിയിച്ചിട്ടുള്ളത്.
മൺസൂൺ കഴിഞ്ഞതോടെ എത്രയും വേഗം തുറമുഖ നിർമാണം പുനരാംഭിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഏറ്റവും അധികം പണി പൂർത്തിയായതെന്നും, അതിനാൽ ഈ സീസണാണ് നിർമ്മാണത്തിന് ഏറ്റവും യോജ്യമെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 160 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സമരം കാരണം കമ്പനിയ്ക്ക് ഉണ്ടായിട്ടുള്ളതെന്നും അദാനി ഗ്രൂപ്പ് വിശദമാക്കി.

