ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ അടച്ചിടും

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം. എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക 500 കടന്നു. മേഖലയിൽ പുക മഞ്ഞും രൂക്ഷമായിട്ടുണ്ട്. ഉത്തർപ്രദേശ് ഡൽഹി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്‌കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് യോഗം ചേരുന്നത്. അതേസമയം, പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും. അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കമെന്ന് അധികൃതർ അറിയിച്ചു. കായിക മത്സരങ്ങൾ നടത്താനും അനുവദിക്കില്ല.