തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് ഗവർണർ കത്തയച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നും ഗവർണർ കത്തിൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം കത്ത് നൽകിയിട്ടുള്ളത്. അതേസമയം, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ചുമതല ഡോക്ടർ സീസ തോമസിന് നൽകി രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചത്. കെടിയു വിസി ചുമതലയ്ക്കായി അർഹത വഹിക്കുന്നവരുടെ സർക്കാർ നിർദേശിച്ച ലിസ്റ്റ് തള്ളിക്കൊണ്ടാണ് രാജ്ഭവന്റെ നടപടി. നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോക്ടർ സീസ തോമസ്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിസി ചുമതല നൽകുക എന്ന സർക്കാർ ശുപാർശ തള്ളിയാണ് കേരള ഗവർണർ തന്റെ ചാൻസലർ അധികാരം വിനിയോഗിച്ച് നിയമന ഉത്തരവ് പുറത്തിറക്കിയത്. മുൻ കെടിയു വിസിയായിരുന്ന രാജശ്രീയെ അയോഗ്യത മൂലം സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഡോക്ടർ സീസ തോമസിന് പുതിയ നിയമനം ലഭിച്ചത്.

