പനിയോ ജലദോഷമോ ഉണ്ടാകുമ്പോൾ പലരും ചെയ്യുന്ന ഒന്നാണ് ആവി പിടിക്കൽ. എന്നാൽ ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കിൽ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തുടർച്ചയായി അഞ്ചു മിനിറ്റിൽ കൂടുതൽ സമയം ഒരിക്കലും ആവി പിടിക്കരുത്. കണ്ണിനു മുകളിൽ ആവി ഏൽക്കാതെ സൂക്ഷിക്കേണ്ടതാണ്. നനഞ്ഞ തുണിയോ മറ്റോ വെച്ച് കണ്ണു മറച്ച ശേഷം ആവി പിടിക്കുന്നത് നല്ലതാണ്. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തിൽ കലർത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനു പകരമായി തുളസിയിലയോ യൂക്കാലിയോ തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപുല്ല്, രാമച്ചം, പനികൂർക്ക, ചൊമകൂർക്ക എന്നിവയും ആവി പിടിക്കാനുള്ള വെള്ളത്തിൽ ഉപയോഗിക്കാം. അതേസമയം ആവിപിടിക്കാനുള്ള വെള്ളത്തിൽ ഉപ്പു ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ പ്രയോജനമില്ല.
വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോൾ സ്വിച്ച് ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യണം. ഉറച്ച പ്രതലത്തിൽ വെച്ചു വേണം വേപ്പറൈസറുകൾ ഉപയോഗിക്കേണ്ടത്.

