സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്; ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഗവർണർ

ന്യൂഡൽഹി: സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാർ പുറത്ത് പോകണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഗവർണർ.

നിസാര തർക്കങ്ങൾക്ക് കളയാൻ സമയമില്ലെന്നും ഒരു വിവാദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറയുന്നത് മുഴുവൻ ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്‌സണൽ സ്റ്റാഫ്. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത്. നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്റെ സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.