തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’, പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ’ പദ്ധതികളിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) അടുത്ത വർഷം നാല് സിനിമകൾ നിർമ്മിക്കും. വനിതാ വിഭാഗത്തിൽ ശിവരഞ്ജിനി ജെയുടെ ‘വിക്ടോറിയ’, ഫർസാന പി.യുടെ ‘മുംതാ’ എന്നീ തിരക്കഥകളും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ മനോജ്കുമാർ സി.എസിന്റെ ‘പ്രളയശേഷം ഒരു ജലകന്യക’, സുനീഷ് വടക്കുമ്പാടന്റെ ‘കാടു’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.
നിർമ്മാണത്തിനായി കെഎസ്എഫ് ഡിസിക്ക് ലഭിച്ചത് 41 വനിതാ സംവിധായകരുടെ എൻട്രികളാണ്. എസ് സി/എസ് ടി വിഭാഗത്തിൽ നിന്ന് 62 സംവിധായകരാണ് അപേക്ഷിച്ചത്. സംവിധായകൻ രാജീവ്നാഥ് ചെയർമാനും എഴുത്തുകാരൻ വി.ജെ. ജെയിംസ്, നർത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യർ എന്നിവർ അംഗങ്ങളുമായ ജൂറി ഇരുവിഭാഗങ്ങളിൽ നിന്നും 15 വീതം അപേക്ഷകൾ തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായി ഓൺലൈൻ, ഓഫ് ലൈൻ ശിൽപ്പശാലകൾ നടത്തി. ഇതിൽ പങ്കെടുത്തവർ സമർപ്പിച്ച സബ്മിഷൻ, പ്രസന്റേഷൻ എന്നിവ വിലയിരുത്തി ഇരുവിഭാഗങ്ങളിൽ നിന്നും 5 പേരോട് വീതം തിരക്കഥ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അമിത് ത്യാഗി, പ്രിയ കൃഷ്ണസ്വാമി, അതുൽ തായ്ഷെതെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശിൽപ്പശാല നടത്തിയത്. സംവിധായകൻ പ്രിയനന്ദനൻ ചെയർമാനും സംവിധായകൻ സലിം അഹമ്മദ്, നർത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യർ എന്നിവർ അംഗങ്ങളുമായ ജൂറി തിരക്കഥകൾ വിലയിരുത്തിയ ശേഷം ഇരുവിഭാഗത്തിൽനിന്നും നിർമ്മാണത്തിന് അർഹരായ വനിതാ സംവിധായകരെയും എസ് സി/എസ് ടി വിഭാഗം സംവിധായകരെയും തെരഞ്ഞെടുത്തു.
അതേസമയം, ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയിലെ ആദ്യ സിനിമയായ താര രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിദ്ധോ’, രണ്ടാമത്തെ ചിത്രമായ മിനി ഐ.ജി.യുടെ ‘ഡിവോഴ്സ്’ എന്നിവ പ്രദർശനത്തിനൊരുങ്ങുകയാണ്. 2020-21 ൽ തെരഞ്ഞെടുക്കപ്പെട്ട ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത ‘ബി 32-44’, ഇന്ദു വി.ആറിന്റെ ‘നിള’ എന്നിവയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുന്നുണ്ട്.

