തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മദ്യക്ഷാമം നേരിട്ടേക്കാമെന്ന് റിപ്പോർട്ട്. ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യ വിതരണം വിതരണക്കാർ വെട്ടിക്കുറച്ചതിനാൽ മദ്യക്ഷാമം നേരിടാൻ ഇടയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് വിലകുറഞ്ഞ ബ്രാൻഡുകളുടെ വിതരണം ഇതിനകം തന്നെ കുറഞ്ഞെന്നും മറ്റുള്ളവയ്ക്കും ഉടൻ ക്ഷാമം നേരിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മദ്യ പ്രതിസന്ധി ഒഴിവാക്കാൻ വില കൂട്ടുകയോ നികുതി ഇളവുകൾ നൽകുകയോ പോലുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ലഹരിപാനീയങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർദ്ധിച്ചതിനാൽ മദ്യത്തിന്റെ വിലയും കൂട്ടണമെന്നാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്. കരിമ്പിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ആണ് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കുന്നത്. സമീപ മാസങ്ങളിൽ ഇതിന് നാൽപതു ശതമാനം വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇഎൻഎ വിലക്കയറ്റം മൂലം മദ്യവ്യവസായം പ്രതിസന്ധി നേരിടുകയാണെന്നും ഭൂരിഭാഗം വിതരണക്കാരും ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ആലോചിക്കുകയാണെന്നും നേരത്തെ വിതരണക്കാർ മന്ത്രി എം ബി രാജേഷിനെ അറിയിച്ചിരുന്നു.
അതേസമയം, പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നേരത്തേ നിയമ ഭേദഗതിക്ക് വരുത്തിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

