കൊച്ചി: മുംബൈ എഫ്സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് തോല്വി. എതിരില്ലാത്ത രണ്ടുഗോളുകള്ക്കാണ് ഇന്ത്യന് സൂപ്പര് ലീഗിലെ തുടര്ച്ചയായ മൂന്നാം തോല്വി ടീം നേരിടേണ്ടി വന്നത്. ഡിഫന്ഡര് മെഹ്താബ് സിംഗും മുന് ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസുമാണ് മുംബൈക്കായി ഗോള് നേടിയത്.
ആകെ നാലു മത്സരങ്ങള് കളിച്ച ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില് ഈസ്റ്റ് ബംഗാളിനെതിരെ 3-1ന് ജയിച്ച ശേഷം കളി മറന്ന മട്ടാണ്. മോഹന് ബഗാനോട് 5-2നും ഒഡീഷയോട് 2-1നും ടീം തുടര് തോല്വികള് ഏറ്റുവാങ്ങിയ ശേഷമാണ് ഇപ്പോള് മുംബൈയോടും പരാജയപ്പെട്ടത്. മുംബൈക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്ബോള് കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടുഗോളിന് പിറകിലായിരുന്നു. 21ാം മിനുട്ടില് മെഹ്താബ് സിംഗാണ് ആദ്യം മുംബൈക്കായി ലക്ഷ്യം കണ്ടത്. 31ാം മിനുട്ടില് സ്ട്രൈക്കര് പെരേര ഡയസ് മുംബൈയുടെ ലീഡുയര്ത്തി.
അഹമ്മദ് ജാഹുവെടുത്ത കോര്ണറില് നിന്നാണ് മെഹ്താബ് ആദ്യ ഗോള് കണ്ടെത്തിയത്. ഗ്രേഗ് സ്റ്റുവാര്ട്ട് നല്കിയ പാസ് ബോക്സിന്റെ മധ്യത്തില് വെച്ച് വെച്ച് സ്വീകരിച്ച പെരേര ഡയസ് ഗില്ലിനെ മറികടന്നാണ് ടീമിന്റെ രണ്ടാം ഗോള് നേടിയത്. ദിമിത്രിയോസ് ഡയമന്റക്കോസും കെ.പി രാഹുലുമടക്കമുള്ളവര് രണ്ടാം പകുതിയില് മികച്ച മുന്നേറ്റങ്ങള് നടത്തിയെങ്കില് മുംബൈയുടെ ഗോള് വല കുലുക്കാനായില്ല. ഇന്നത്തെ മത്സരം വിജയിച്ച മുംബൈ പോയന്റ് പട്ടികയില് രണ്ടാമതാണുള്ളത്. ഒമ്ബതാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സുള്ളത്.

