ഗഗൻയാൻ പദ്ധതി; പരീക്ഷണപ്പറക്കലുകൾ 2023 ഫെബ്രുവരി മുതൽ ആരംഭിക്കും

ശ്രീഹരിക്കോട്ട: ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണപ്പറക്കലുകൾ 2023 ഫെബ്രുവരി മുതൽ ആരംഭിക്കുമെന്ന് ഐ.എസ്.ആർ.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ ആർ ഉമാമഹേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമാണ് ഗഗൻയാൻ. ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നതിനായി ചിനൂക്ക് ഹെലികോപ്റ്ററും സി 17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും ഉപയോഗിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എൻവയൺമെന്റ് കൺട്രോൾ സിസ്റ്റത്തിന്റെ രൂപകൽപന പൂർത്തിയായി. ഭൂമിയെ വലംവെക്കുമ്പോൾ ക്രൂ സർവീസ് മൊഡ്യൂളിലുള്ള ബഹിരാകാശയാത്രികർക്ക് യോജിച്ച ജീവിത സാഹചര്യം ഉറപ്പാക്കുന്ന സംവിധാനമാണിത്. ബഹിരാകാശയാത്രികർക്ക് ഇരിക്കാനുള്ള ക്രൂ മൊഡ്യൂളിന്റെ നിർമ്മാണം പൂർത്തിയായെന്നും ഇനി ഫാബ്രിക്കേഷൻ ജോലികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രമകരമായിരുന്ന ദൗത്യമായിരുന്നു എൻവയോൺമെന്റ് കൺട്രോൾ സിസ്റ്റത്തിന്റേയും ക്രൂ മൊഡ്യൂളിന്റെയും ഡിസൈൻ തയാറാക്കുന്നത് . അന്തരീക്ഷത്തിലേയ്ക്ക് തിരിച്ച് പ്രവേശിക്കുമ്പോൾ പേടകത്തിന്റെ പുറത്തുള്ള താപനില 2000 ഡിഗ്രി സെൽഷ്യസ് വരെയാകാം. ഈ സമയം പേടകത്തിനുള്ളിലെ താപനില നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഓക്സിജൻ നൽകണം, കാർബൺ ഡൈ ഓക്സൈഡും ഈർപ്പവും നീക്കം ചെയ്യണം. തീ പിടിത്തത്തിനുള്ള സാധ്യതകൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പാക്കണം. വളരെ സങ്കീർണമായ ഈ സാങ്കേതികവിദ്യ ഒരു രാജ്യവും നമുക്ക് നൽകില്ല. ചർച്ചകൾക്കൊടുവിൽ എൻവയൺമെന്റ് കൺട്രോൾ സിസ്റ്റം തദ്ദേശീയമായി നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അത് രൂപകൽപന ചെയ്യാനുള്ള ശേഷി നമുക്കുണ്ടെന്നും കുറച്ച് സമയം എടുത്തെങ്കിലും ആ ജോലി പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്ത നാലു പേർ റഷ്യയിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. ക്രൂവിനുള്ള അടുത്തഘട്ട പരിശീലനം ബെംഗളൂരുവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.