പോരാട്ടം തുടര്‍ന്ന് ടീം ഇന്ത്യ; നെതര്‍ലന്‍ഡ്‌സിനെതിരെ തകര്‍പ്പന്‍ ജയം

സിഡ്‌നി: ട്വന്റി 20 ലോക കപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്‍ഡ്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡിന് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്.

ഇന്ത്യക്കായി വിരാട് കോഹ്ലി 44 പന്തില്‍ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്‌. അതേസമയം, ഏഴ് ഫോറും ഒരു സിക്‌സും പറത്തിയാണ് സൂര്യകുമാര്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 48 പന്തില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന അഞ്ച് ഓവറില്‍ വികറ്റ് നഷ്ടപ്പെടാതെ 65 റണ്‍സാണ് ഇന്‍ഡ്യ നേടിയത്.

കോഹ്ലി-സൂര്യ എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മ 39 പന്തില്‍ 53 റണ്‍സെടുത്തു. രോഹിത് ശര്‍മ നാല് ഫോറും മൂന്ന് സിക്‌സും പറത്തി. അതേ സമയം തുടര്‍ചയായ രണ്ടാം മത്സരത്തിലും കെഎല്‍ രാഹുല്‍ പരാജയപ്പെട്ടു. 12 പന്തില്‍ ഒമ്ബത് റണ്‍സാണ് നേടിയത്. പാകിസ്താനെതിരായ മത്സരത്തില്‍ രാഹുലിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഭുവനേശ് കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, അശ്വിന്‍ എന്നിവര്‍ രണ്ട് വികറ്റ് വീതം വീഴ്ത്തി.