എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യം; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്‌

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നും അപ്പീല്‍ നല്‍കാമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലച്ചിട്ടുണ്ട്‌. അഡി. സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍.

അതേസമയം, ഇന്നലെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ചരവരെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് എല്‍ദോസിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിനോട് എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്.

ഇന്നലെ അന്വേഷണ സംഘത്തിന് എല്‍ദോസ് നല്‍കിയ മൊബൈല്‍ ഫോണ്‍ തന്നെയാണോ സംഭവ ദിവസങ്ങളില്‍ എംഎല്‍എ ഉപയോഗിച്ചത് എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് എംഎല്‍എ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.