ദയാബായിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ദേശീയ പുരസ്കാരം

കോഴിക്കോട്: സാമൂഹിക പ്രവർത്തകയും എൻഡോസൾഫാൻ സമര നായികയുമായ ദയാബായിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങൾക്കിടയിലും എൻഡോസൾഫാൻ ദുരിത ബാധിതർക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവർത്തനങ്ങളുടെ ആദരവ് എന്ന നിലയിലാണ് ദയാബായിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ഒക്ടോബർ 25 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷൻ ചെയർമാനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം ദയാബായിക്ക് കൈമാറുന്നത്. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ എസ് ഹംസ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ ജീവിത സന്ദേശം ഉയർത്തിപ്പിടിച്ച് സാമൂഹിക ഉന്നമനം, മത നിരപേക്ഷത, വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പുരോഗതി, പ്രത്യേകിച്ച് തൊഴിൽ നൈപുണ്യം എന്നീ മഹത്തായ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഒരു ജീവകാരുണ്യ പ്രസ്ഥാനമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവർത്തകന് നൽകാൻ തീരുമാനിച്ചിട്ടുള്ള സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ദേശീയ പുരസ്‌കാരമാണ് ദയാബായിയ്ക്ക് നൽകിയിട്ടുള്ളത്.