കോയമ്ബത്തൂര്‍ സ്‌ഫോടന കേസ്: അന്വേഷണ സംഘം കേരളത്തില്‍

തൃശൂര്‍: കോയമ്ബത്തൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുബീന് വിയ്യൂര്‍ ജയിലിലുള്ള മുഹമ്മദ് അസറുദീന്‍ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കോയമ്ബത്തൂരില്‍ നിന്നുള്ള അന്വേഷണ സംഘം കേരളത്തിലെത്തി. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥരും തമിഴ്‌നാട് പൊലീസിന്റെ അന്വേഷണ സംഘവുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നയാളെ ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2019ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുബീന്‍ ഇയാളെ വന്നു കണ്ടിരുന്നുവെന്ന സംശയം സ്ഥിരീകരിക്കാനായി തൃശ്ശൂര്‍ ജയിലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സന്ദര്‍ശക പട്ടിക പരിശോധിക്കുകയും ഇയാളില്‍ നിന്നും വിവരങ്ങള്‍ തേടുകയും ചെയ്തു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്നത് പോലെ ദീപാവലിക്ക് സ്‌ഫോടനം നടത്താനാണോ മുബീന്‍ ലക്ഷ്യമിട്ടതെന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.

അതേസമയം, കേസില്‍ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇവര്‍.