പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോകും: ഋഷി സുനക്

ലണ്ടന്‍: രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതിനാണ് ഏറ്റവും മുന്‍ഗണനയെന്നും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യു.കെ മഹത്തായ രാജ്യമാണ്. നമുക്കിപ്പോള്‍ സ്ഥിരതയും ഐക്യവുമാണ് ആവശ്യം. രാജ്യത്തേയും പാര്‍ട്ടിയേയും ഒരുമിച്ച് കൊണ്ടുപോവുകയെന്നത് മാത്രമാണ് വെല്ലുവിളികള്‍ മറികടക്കാനുള്ള ഏക വഴി. നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമായി നല്ലഭാവി കെട്ടിപ്പെടുക്കണം. രാജ്യത്തെ സമഗ്രതയോടെയും വിനയത്തോടെയും സേവിക്കും’- സുനക് വ്യക്തമാക്കി.

അതേസമയം, ബോറിസ് ജോണ്‍സന്റെ പിന്‍ഗാമി ലിസ് ട്രസ് ചുമതലയേറ്റ് 45-ാം ദിവസം രാജിവെച്ചതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തിന് സുനകിന് അവസരമൊരുങ്ങിയത്. 193 എംപിമാരുടെ പരസ്യ പിന്തുണയുമായാണ് ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 357 അംഗങ്ങളാണുള്ളത്.