ന്യൂഡൽഹി: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ചത്. ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നുവെന്നും ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
റോഡ്മാപ്പ് 2030 നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ – യു കെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തമാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യുകെയിലെ ഇന്ത്യൻ ജനതയ്ക്ക് അദ്ദേഹം ദീപാവലി ആശംസകൾ നേരുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി സുനാക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറേണ്ടി വന്നതോടെയാണ് പ്രധാനമന്ത്രി പദവിയിലേക്ക് ഋഷി സുനാക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരുടെയും പിന്തുണ ഋഷി സുനാകിനായിരുന്നു.
ഋഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത് പഞ്ചാബിൽ നിന്നാണ്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഋഷി സുനാക്. ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് ഋഷി സുനാകിന്റെ ഭാര്യ.

