തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോര് തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 9 സർവ്വകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമർപ്പിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, മലയാളം സർവ്വകലാശാല തുടങ്ങിയവിടങ്ങളിലെ വൈസ് ചാൻസർമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. വിസിമാർ നാളെ 11.30 ന് രാജിക്കത്ത് രാജ് ഭവനിൽ എത്തിക്കണമെന്നാണ് ഗവർണറുടെ അന്ത്യശാസനം.
യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടിയെന്നും രാജ്ഭവൻ വിശദമാക്കി. 5 വിസിമാർ ഒറ്റപേരിലുള്ള ശുപാർശയിൽ നിയമിച്ചവരാണ്. 4 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.

