പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയില് വൈശാഖ് സംവിധാനം ചെയ്ത് മോഹന്ലാല് നായകനാവുന്ന ചിത്രമാണ് മോണ്സ്റ്റര്. കേരളത്തില് മാത്രം 216 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മറ്റു സംസ്ഥാനങ്ങളിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്പൂര്, ഗോവ, അഹമ്മദാബാദ്, ന്യൂഡല്ഹി, ഭോപാല്, ജയ്പൂര്, ഭുവനേശ്വര് എന്നിവിടങ്ങളിലായി 141 സ്ക്രീനുകളില് ചിത്രം എത്തുന്നുണ്ട്. അങ്ങനെ ഇന്ത്യയില് ആകെ 357 സ്ക്രീനുകള്.
എല്ജിബിടിക്യുഐഎ പ്ലസ് ഉള്ളടക്കത്തിന്റെ പേരില് ജിസിസി റിലീസിന് വിലക്ക് നേരിടുന്ന ചിത്രത്തിന് പക്ഷേ യൂറോപ്പില് മികച്ച സ്ക്രീന് കൗണ്ട് ആണ്. യുകെയില് മാത്രം 104 സ്ക്രീനുകളില് മോണ്സ്റ്റര് പ്രദര്ശനത്തിനുണ്ട്. യൂറോപ്പില് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന് കൗണ്ട് ആണ് മോണ്സ്റ്ററിന് എന്നാണ് വിതരണക്കാര് അറിയിക്കുന്നത്. മോഹന്ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്, ഗണേഷ് കുമാര്, ലെന തുടങ്ങിയവര് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

