ന്യൂഡല്ഹി: ബുദ്ധ സന്ന്യാസിനിയുടെ വേഷത്തില് വടക്കന് ഡല്ഹിയില് പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്ത്തനം നടത്തിയതായി സൂചന. ടിബറ്റന് അഭയാര്ത്ഥി സെറ്റില്മെന്റില് രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകിട്ടാണ് ഡല്ഹി പൊലീസ് പിടികൂടിയത്.
തിരിച്ചറിയല് രേഖകളില് ഡോല്മ ലാമ എന്നും നേപ്പാള് തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിലാസവുമാണ് നല്കിയിരുന്നത്. എന്നാല്, അവരുടെ യഥാര്ത്ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്ഹി പൊലീസ് വ്യക്തമാക്കി.
അതേസമയം, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലെ ചില നേതാക്കള്ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് ഇവര് പൊലീസിനോട് പറഞ്ഞു. എന്നാല്, ചോദ്യം ചെയ്യലിനോട് ഇവര് സഹകരിക്കുന്നില്ലെന്നും ഡല്ഹി പൊലീസ് അറിയിച്ചു. ഇംഗ്ലീഷ്, മാന്ഡരിന്, നേപ്പാളി ഭാഷകള് ഇവര്ക്ക് അറിയാം.

