പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 11 പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ്.സി. എസ്.ടി കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി, തുടങ്ങി ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നുമാണ് ജാമ്യ ഉത്തരവിലെ വ്യവസ്ഥകൾ. അതേസമയം, മധു വധക്കേസുമായി ബന്ധപ്പെട്ട ദൃക്സാക്ഷികളുടെ വിസ്താരണം പൂർത്തിയായി. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്നാണ് കക്കി കോടതിയിൽ വ്യക്തമാക്കിയത്.
പോലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നത് കണ്ടു. അകമലയിൽ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമായിരുന്നു കക്കി നേരത്തെ നൽകിയിരുന്ന മൊഴി.

