സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ; കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നും തീരുമാനം

വിജയവാഡ: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും. പൊതുചര്‍ച്ചയില്‍ രാജക്കെതിരെ കേരളം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുദ്ധം തോല്‍ക്കുമ്‌ബോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നായിരുന്നു കേരള ഘടകത്തിന്റെ വിമര്‍ശനം. അതേസമയം, ദേശീയ നേതൃത്വം അലസത കാണിക്കുന്നുവെന്ന് മന്ത്രി പി പ്രസാദും കുറ്റപ്പെടുത്തിയിരുന്നു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുതെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

2019 ല്‍ ജൂലൈയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എസ്.സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍നിന്നുള്ള ദളിത് നേതാവായ ഡി. രാജ സിപിഐ ജനറല്‍ സെക്രട്ടറിയായത്. കോളജ് പഠനകാലത്ത് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ ചേര്‍ന്ന ഡി.രാജ 1975 മുതല്‍ 1980 വരെ ഓള്‍ ഇന്ത്യാ യൂത്ത് ഫെഡറേഷന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി. 1985 മുതല്‍ 1990 വരെ ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ ദേശീയ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1994 മുതല്‍ 2019 വരെ സിപിഐ ദേശീയ സെക്രട്ടറിയായി. 2007ലും 2013 രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു. സിപിഐ നേതാവായ ആനി രാജ ഭാര്യയാണ്.

അതേസമയം, കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നും നിലവിലെ സഹകരണം തുടര്‍ന്നാല്‍ മതിയെന്നുമാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരള ഘടകം ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഈ നിലപാടിന് അംഗീകാരം നല്‍കിയില്ല.