ട്വന്റി-20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ തുടക്കം

ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ തുടക്കമായി. ഏഷ്യാ കപ്പിലെ മിന്നും വിജയത്തിന്റെ കരുത്തിലാണ് ലങ്ക മൈതാനത്തിറങ്ങുന്നത്. പതിനാറ് ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകള്‍ നേരത്തെ തന്നെ സൂപ്പര്‍-12ല്‍ ഇടംപിടിച്ചുകഴിഞ്ഞു. ഈ മാസം 22ന് ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് സൂപ്പര്‍-12ന് തുടക്കമാവുക. ഓസ്‌ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്. നവംബര്‍ 13ന് എംസിജി സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടം നടക്കും.

ഇന്ത്യയുടെ ആദ്യ മത്സരം 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അയല്‍ക്കാരായ പാകിസ്ഥാനെതിരെയാണ്. ഇന്ത്യ നാളെ സന്നാഹമത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ലോകകപ്പിന് മുമ്ബ് ഇന്ത്യക്ക് ശക്തിദൗര്‍ബല്യങ്ങള്‍ പരിശോധിക്കാനുള്ള അവസരമാകും ഓസീസിനെതിരായ മത്സരം. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി ഓസ്‌ട്രേലിയയില്‍ എത്തിയ പേസര്‍ മുഹമ്മദ് ഷമി ഓസീസിനെതിരെ ഇറങ്ങുമോ എന്ന് വ്യക്തമായിട്ടില്ല.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി.